Tuesday, 21 July 2015

ഒരു തീവണ്ടി പ്രണയം



അവൾ ഹീന. തന്റേടിയായ ഒരു രാജസഥാനി പെൺകുട്ടി, ഇപ്പോൾ ദെൽഹി നഗരത്തിലെ തിരക്കേറിയ ഒരു ഐ ട്ടി ജീവനക്കാരി. തന്റെ ജോലി സംബന്ധമായി കർനാട്ക എക്സ്പ്രെസ്സിൽ ബാഗ്ലൂരിലേക്കു യാത്ര ചെയ്യുന്ന  അവളുടെ അപ്പർ ബർത്തിൻ ഒരു ഗ്രിൽ മറയത്ത് ഞാനും ഉണ്ടായിരുന്നു. സാധാരണ പെൺകുട്ടികളെ ശ്രദ്ധിക്കും പോലെ ആദ്യമൊന്നു അവളെ നോക്കിയെങ്കിലും, ഞാൻ വീണ്ടും എന്റെ ലോകത്തേക്ക് തിരിച്ചു പോയി. 
പാതിമയക്കത്തിൽ ഗ്രില്ലിനുള്ളിലൂടെ ഒരു നൂറ് രൂപാ നോട്ട് ചുരുട്ടി എന്നെ തട്ടി വിളിച്ചത് അവളായിരുന്നു. കൂട്ടിലിട്ട ഒരു അജ്ഞാത സുന്ദരിയെപ്പോൽ ഗ്രില്ലിനപ്പുറത്ത് നിന്നവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു "ഡു യു സ്മോക്ക് ?" മനസ്സിൽ കണ്ട എല്ലാ ശാലീനതയും ഒറ്റ ശ്വാസത്തിൽ വിഴുങ്ങി ഞാൻ പറഞ്ഞു "നോ". 

നിർത്തിയിട്ട പ്ലാറ്റ്ഫോമിൽ പുറത്തേക്കു ചൂണ്ടിക്കാണിച്ച് 'ക്ലാസിക്' ബ്രാണ്ടിൽ ഉള്ള ഒരു സിഗരറ്റ് പാക്ക് വാങ്ങിത്തരാൻ അവൾ അപേക്ഷിച്ചു. തന്റേടിയായിരുന്നെങ്കിലും പുറത്ത് ഒറ്റക്കു പോയി സിഗരറ്റ് വാങ്ങാൻ അവൾക്കു പേടിയുണ്ടായിരുന്നിരിക്കണം. "എന്തൊക്കെ പറഞ്ഞാലും കർണാടകയും ഇന്ത്യയിൽ ആണല്ലോ..." 
പുകയില ആരോഗ്യത്തിനു ഹാനികരമാണെന്നറിയാമെങ്കിൽ കൂടി, ഒരു പെൺകുട്ടി പറയുമ്പൊ ഞാനെങ്ങിനാ പറ്റില്ലാന്ന് പറയാ.. :) 

അങ്ങനെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലാത്ത ഞാൻ ഏതോ ഒരു പെൺകുട്ടിക്കു വേണ്ടി മൂന്നു സ്റ്റേഷനുകളിൽ മാറി മാറി അതും അന്വേഷിച്ച് നടന്നു. റയിൽ വേ സ്റ്റേഷനുകൾ പുകയില വിമുക്തമാക്കിയ കർണാടക ഗവണ്മെന്റിനോട് തോന്നിയ ബഹുമാനം അടക്കിപ്പിടിച്ച്, വിഷാദ സ്വരത്തിൽ ഞാൻ അവളോട് പറഞ്ഞു " യു ആർ അൺലക്കി". 
വ്യസനസമേതം നൂറ് രൂപ നോട്ട് തിരികെ വാങ്ങി അവൾ എന്നോട് കുശലാന്ന്വേഷണം തുടങ്ങി. വളരെ സംസാരപ്രിയയായിരുന്നു അവൾ. 

തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം. പേടിപ്പെടുത്തുന്ന അന്തരീക്ഷം ഇഷ്ടപ്പെട്ടിരുന്ന അവൾ ഒരുപാട് അത്തരം ചിത്രങ്ങൾ തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്നു. രക്തം ശർദിക്കുന്ന ടെഡ്ഡി ബിയർ ന്റെ കളക്ഷൻ എന്നെ വല്ലാതെ അൽഭുതപ്പെടുത്തി. ഏതൊരു സുന്ദര സങ്കല്പത്തേയും ഭീകരതയുടെ മറവിൽ നിന്നും നോക്കി കാണുന്ന ഒരു പ്രക്രിതം. 
എന്നിരുന്നാലും വളരെ സൗമ്യമായ സംസാരമായിരുന്നു അവളുടേത്. പുകവലിയെക്കുച്ച് ചോദിച്ചപ്പോഴാണു അവൾ നല്ലൊരു മദ്യപാനിയും, മയക്കുമരുന്നിനു അടിമ കൂടിയാണെന്നു ഞാൻ മനസ്സിലാക്കിയത്. സ്ഥിരമായി ഉപയോഗിക്കുന്ന ചില മയക്കു ഗുളികകൾ അവൻ എനിക്ക് പരിചയപ്പെടുത്തിതന്നു. 

രാജസ്താനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾക്കു നന്നേ ചെറുപ്പത്തിൽ തന്നെ തന്റെ ഇരട്ട സഹോദരനെ ഒരു റോഡപകടത്തിൽ നഷ്ട്ടമായി. ബാദധ്യതയുടെ ഭാരവും പേറി പതിനേഴാം വയസ്സിൽ അവൾ ദെൽഹിക്കു വണ്ടി കേറി. പത്ത് വർഷം കൊണ്ട് ജോലി ചെയ്തും കൂടെ പഠിച്ചും അവൾ ഇന്നു ഒരു ഐ ട്ടി കമ്പനിയുടെ അഡ്മിൻ മാനേജർ ആണു. പിന്നീടുള്ള കഥ അതിലും അമ്പരിപ്പിക്കുന്നതായിരുന്നു. അവളുടെ രണ്ടു വൃക്കകളും തകരാറിലാണ് കൂടാതെ കരൾ ചുരുങ്ങുന്ന അസുഖവും ഉണ്ടത്രെ. ഡോക്ടർ അവൾക്കിട്ടിരിക്കുന്ന ആയുസ്സ് അടുത്ത 18 മാസം. അവൾ ജീവിതത്തിൽ ഒരുപാടു സാഹസികതകൾ ചെയ്തു കൂട്ടിയുട്ടുണ്ടെന്നും അതു കൊണ്ട് ഇനിയങ്ങോട്ടു ജീവിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞു ഒരു വലിയ തമാശ പറഞ്ഞ ലാഘവത്തോടെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. 

ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ആന്ദ്രയിൽ നിന്നും വരുന്ന വെള്ളപ്പൊക്ക അഭയാർത്ഥികളുടെ കയ്യിലുണ്ടാവുന്ന  കാർഡ് വായിച്ച പ്രതീതിയാണുണ്ടായതു.

മേൽപ്പറഞ്ഞ കഥകൾ എല്ലാം ഞാൻ വിശ്വസിച്ചു എന്നു ഉറപ്പു വരുതിയിട്ടായിരിക്കണം, അവൾ പെട്ടന്നു അവളുടെ എ ടി എം കാർഡ് എടുക്കാൻ മറന്ന കാര്യം എന്നോടു പറഞ്ഞത്. ഞാൻ അല്പം പിശുക്കനായതിനാൽ കാശ് കൊടുത്തു സഹായിക്കുന്നതിനു പകരം ഇന്റർനെറ്റ് ബാങ്കിങ്ങിനെക്കുറിച്ചും, അതിലൂടെ എങ്ങനെ പണം അവളുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ എത്തിക്കമെന്നതിനെക്കുറിച്ചും വിശദമായ ഒരു ക്ലാസ്സ് തന്നെ കൊടുത്തു. 

എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറിയാത്ത മട്ടിൽ അതും കേട്ട് കൊണ്ടിരിക്കുന്ന് അവളോട് ആർക്കും ഒരു സഹതാപം തോന്നിപ്പോകും. എന്തോ...എനിക്ക് തോന്നിയില്ല... . 

അങ്ങനേ ആദ്യത്തെ അമ്പ് ഉന്നം പിഴച്ച വേടനെപ്പോലെ അവൾ അടുത്തതിനായി കാത്തിരുന്നു. ഇതിനിടയിൽ തന്നെ അവൾ ഒരു സെൽഫി എടുക്കാൻ ആവശ്യപ്പെടുകയും, അതു വാട്ട്സ് ആപ്പിൽ ഷെയർ ചെയ്യാനെന്ന വ്യാജേനെ ഫോൺ നമ്പർ കൈമാറുകയും ചെയ്തിരുന്നു. 
അന്നു ട്രയിൻ വെറും 8 മണിക്കൂർ മാത്രം വൈകി ഓടിയതിനാൽ ഞങ്ങൾക്കു കൂടുതലൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല ;) . അങ്ങനെ ബേഗ്ലൂർ കാന്റ്റ്റ് സ്റ്റേഷനിൽ അവൾ യാത്ര പറഞ്ഞിറങ്ങി. 

വീട്ടിലെത്തുന്നതിനു മുന്നെ തന്നെ അവൾ വാട്ട്സ് ആപ്പിൽ ചാറ്റിങ്ങ് തുടങ്ങിയിരുന്നു. ലോകത്തിൽ മറ്റാരിലും കാണാത്ത എന്തോ ഒന്നു എന്നെ കണ്ടപ്പോൾ തൊന്നിയെന്നും പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ എനിക്ക് അപകടം മണത്തു തുടങ്ങിയിരുന്നു. കീ പാഡിൽ കുത്തി വിരൽ നോവുന്നതിനു മുന്നെ തന്നെ അവൾ ആവശ്യം അറിയിച്ചു. അത്യാവശ്യമായി കുറച്ച് പണം വേണം, ജീവിതത്തിൽ 8 മണിക്കൂറോളം സംസാരിച്ച അവളുടെ പ്രിയതമനായ ഞാൻ അല്ലാതെ ആരും അവളെ സഹായിക്കാനില്ലത്രെ... പാവം പെൺകുട്ടി. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നു അറിഞ്ഞപ്പോൾ വാട്ട്സ് ആപ്പിലൂടെ പൊട്ടിക്കരയുകയായിരുന്നു. ( ആ സ്മൈലി ഒക്കെ കണ്ടു പിടിച്ചവനെ സമ്മതിക്കണം.). 

വർഷങ്ങളായി ട്രയിനിൽ കയറുമ്പോൾ.. " ഈശ്വരാ..അടുത്ത സീറ്റിൽ ഒരു ചരക്ക് ആയിരിക്കണെ.." എന്ന് പ്രാർത്ഥിക്കുന്ന എല്ലാ ബാച്ചിലർ സുഹ്രുത്തുക്കൾക്കും വേണ്ടി ഇതു സമർപ്പിക്കുന്നു.

#ഷിൽ 

നാടകം: " ചിറകൊടിച്ച കിനാവുകൾ"




പെണ്ണു കണ്ട് ഉറപ്പിച്ചാൽ കുടുംബക്കാർ പറയും.. " നിശ്ചയം കഴിഞ്ഞോട്ടെ.. ന്നാ പിന്നെ നിന്റെ പെണ്ണായി.. നിനക്കു വിളിക്കുകയോ .... കാണുകയോ...എന്തുമാവാലോ?.... 

നിശ്ചയം വരെ കാത്തിരിക്കുന്ന പയ്യൻ.. നിശ്ചയ ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. സ്വന്തമെന്നു അവൻ വിശ്വസിക്കുന്ന അവന്റെ പെണ്ണിനു പുതിയ ഒരു ഫോണും വാങ്ങിക്കൊടുത്ത് അവൻ ഒരു ദിവ്യ പ്രണയത്തിനു തുടക്കം കുറിക്കുന്നു. പ്രണയം തുളുമ്പുന്ന സംഭാഷണങ്ങൾ അവർക്കിടയിൽ ഒരു പുതിയ വാതിൽ തള്ളിത്തുറക്കുന്നു. 
പൂർണമായും തുറക്കുന്നതിനു മുന്നെ തന്നെ നാട്ടുകാർ രംഗപ്രവേശനം ചെയ്യുന്നു.. ( പ്രത്യേകിച്ചും അയല്പക്കകാരും പിന്നെ വകയിലുള്ള അമ്മായിമാർ.. ചെറിയമ്മമാർ... അമ്മാവന്മാർ... അങ്ങനെ അങ്ങനെ.... സ്ത്രീ പങ്കാളിത്തം പറയാതെ വയ്യ.) 

ആദ്യം കാണുമ്പോൾ ചോദിക്കും " വിളിക്കാറൊക്കെ ഇല്ലേ?.. യുവമിഥുനങ്ങൾ പറയും "ആ..." 
പിന്നെ അടുത്ത ചോദ്യം " കറങ്ങാനൊക്കെ പോയൊ?" 
ഉത്തരം " നിശബ്ദത" 
ഇനി ചുറ്റുമുള്ളവരൊക്കെ കേൾക്കെ അവരിതൊന്നു കൂടെ ലഘൂകരിച്ചു ഉറക്കെ പറയും.. " പിന്നെ വിളിക്കാതെ... അവൾടെ/അവന്റെ ചെക്കൻ/പെണ്ണ് അല്ലെ... ഇക്കാലത്ത് നിശ്ചയം കഴിഞ്ഞ് വിളിക്കാതേം കറങ്ങാതേം നടക്കുന്ന ആരെങ്കിലും ഉണ്ടൊ?.." 
അങ്ങനെ ഇക്കൂട്ടർ പലരും മാറി മാറി വരുന്നു... രംഗം 1 ആവർത്തിച്ച് കൊണ്ടിരിക്കുന്നു... ( ഇക്കാര്യത്തിൽ അവർക്കാർക്കും ആവർത്തന വിരസത തോന്നാറില്ല എന്നാണു പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്) 

രംഗം 2 

ഇനി അവരുടെ യതാർഥ ജോലി തുടങ്ങുകയായി... തന്റെ പിന്നീടുള്ള ജീവിതത്തിലെ ഓരോ ചുവട് വെക്കുമ്പോഴും അവർ അത് നാട് നീളെ പാടി നടക്കും.. അവസാനം കേൾക്കുന്നവരൊക്കെ പറയുന്നത് ഇങ്ങനെ.. " അവൻ/അവൾ 24 മണിക്കൂറും ഫോണിലാ.. അല്ലെങ്കിൽ അവന്റെ/അവൾടെ കൂടെയാ... നിശ്ചയം കഴിഞ്ഞിട്ടേ ഉള്ളൂ എന്നുള്ള ബോധമൊന്നുമില്ല..." 

അങ്ങനെ ഈ വാക്കുകൾ അവരിൽ ഒരു പ്രമാണിയിൽ നിന്നു വീട്ടുകാർ കേൾക്കാൻ ഇട വരുന്നു... ഇത്രയും കാലം കൂടെ നിന്ന വീട്ടുകാർ പെട്ടന്നു മലക്കം മറിയുന്നു...പിന്നെ പറയുന്നത് ഇങ്ങനെ..." ഇത്രയും കാലം കാത്ത് നിന്ന നിനക്കെന്താ ഒരു 6 മാസം കൂടെ കാത്ത് നിന്നാ.... വെറുതേ.. നാട്ടുകാരെക്കൊണ്ട്   അതും ഇതും പറയിപ്പിക്കാൻ.... " 

രംഗം 2 കഴിയുന്നതോടെ... ആദ്യമായ് കിട്ടിയ പ്രണയം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോകുകയാണു രണ്ട് യുവമിഥുനങ്ങൾ... 

തന്റെ ഇഷ്ട ദേവത/ദേവനു മുന്നിൽ കൈ കൂപ്പി  ഒരു മാർഗം യാചിക്കുന്ന പ്രണയിതർക്കു മുന്നിൽ തിരശ്ശീല വീഴുന്നു.... 
നാടകം ഇവിടെ പൂർണ്ണമാകുന്നു... ശേഷം നേരിൽ...

#ഷിൽ

നിശബ്ദത

നിശബ്ദത....

ചില സമയങ്ങളിൽ പലരും ആസ്വദിക്കുന്ന ഒരു പ്രതിഭാസം. പക്ഷെ കുറച്ചു കൂടിപ്പോയാലോ... ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഇതു തന്നെ. 
അതെ ഇന്നു ഞാൻ അത് അനുഭവിക്കുന്നു. കർനാട്ക എക്സ്പ്രെസ്സിന്റെ  തിരക്കു പിടിച്ച ഒരു കംബാർട്ട്മെന്റിന്റെ അപ്പർ ബർത്തിൽ , ഫാനിൽ നിന്നും പ്രവഹിക്കുന്ന ചൂടു കാറ്റേറ്റ് കഴിഞ്ഞ 24 മണിക്കൂറായി ഞാൻ കണ്ണടച്ച് കിടക്കുകയാണു. അതിൽ എത്ര നേരം ഉറങ്ങിയെന്നോർമയില്ല! 
ഒരു മലയാളിയെപ്പോലും കണ്ടുമുട്ടാത്ത എന്റെ ആദ്യത്തെ തീവണ്ടി യാത്ര. താഴെ ബർത്തിലെ കൊച്ചു കുട്ടി റ്റൂബ് ലൈറ്റിന്റെ സ്വിച്ച് ഇടക്കിടെ അമർത്തുന്നതു എന്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നെങ്കിലും, ഈ കണ്ട ജനങ്ങൾക്കിടയിൽ മുഖത്തേക്കു നോക്കുമ്പോൾ ചിരിക്കുന്നതു അവൾ മാത്രമായിരുന്നു. 

അഞ്ചു രൂപ തുട്ടിനു പകരം ഇന്ത്യൻ റയിൽവേയിൽ  മാത്രം കണ്ടുവരുന്ന ആൽഫലെബെ മി‌‌‍‌ട്ടായി എന്റെ ബേഗിൽ നിറഞ്ഞ് നിന്നതിനാലോ എന്തോ, അവളുടെ ചിരിയും എപ്പോഴും നിറഞ്ഞു നിന്നിരുന്നു. 

ഒരാൾക്കു മറ്റൊരാളോട് ചിരിക്കാൻ മടി, അപരിചിതരെന്നു സ്വയം മുദ്ര കുത്തിയ ഒരു ജനസമൂഹം, വെറുതെ വിദൂരതയിലേക്കു കണ്ണും നട്ടിരിക്കുന്നു. 

സമയം നീക്കാൻ മൊബൈലിൽ ചാർജും തീർന്നിരിക്കുന്നു. പഴയ ബോഗി ആയതിനാൽ എന്റെ കമ്പാർട്ട്മെന്റിൽ എല്ലാ സീറ്റിലും ചാർജിങ്ങ് പോയിന്റ് ഇല്ല, അറ്റത്ത് ഉള്ള ഒന്നിൽ ആണേ, നീണ്ട് വരിയും. 

ചാർജറും എടുത്ത് ഞാൻ നടന്നു. S9 ഉം S10 ഉം കടന്നു ഞാൻ S11 ഇൽ എത്തി. സൈട് സീറ്റിൽ ഇരിക്കുന്ന ഒരു മധ്യ വയസ്കന്റെ ചാർജിങ്ങ് പോയിന്റ് ഒഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ഒരു കാഴ്ച്ച.. ഒരു പക്ഷേ അദ്ദേഹം വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ടാവില്ല. 

എന്തായാലും എല്ലാ ആദിത്യമര്യാദകളോടും കൂടി ഞാൻ അനുവാദം ചോദിച്ച്, ഫോൺ ചാർജിങ്ങ് തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ അടക്കിപ്പിടിച്ച എന്റെ സംസാരശേഷി, എന്നിൽ വീർപ്പുമുട്ടുന്നതായി അനുഭവപ്പെട്ടു. അങ്ങനെ ആ അപരിചിതനെ ഞാൻ പരിചിതനാക്കാനുള്ള ശ്രമം തുടങ്ങി. എയർഫോഴ്സിൽ നിന്നും വിരമിച്ച ഒരു യതാർ‌‍ഥ രാജ്യസ്നേഹി. അറിവിന്റെ ഒരു കലവറ. ഹിസ്റ്ററി മുതൽ കറന്റ് അഫയെഴ്സ വരേ... അങ്ങേർ ഒരുപാട് സംസാരിച്ചു. ശരിക്കും വിലപ്പെട്ട 3 മണിക്കൂർ. എന്നെ നിശബ്ദതയിൽ നിന്നും രക്ഷിച്ചു, നല്ലൊരു ദിവസം സമ്മാനിച്ച ബാൻഗ്ലൂർ നിവാസി സോമശേഖരൻ സാറിനു ഒരുപാടു നന്നി. ഏവർക്കും ശുഭരാത്രി..

#ഷിൽ

Sunday, 19 July 2015

സ്വപ്നം




സ്വപ്നം ... ..ഏതു വഴികളിലൂടെയും അനായാസം സഞ്ചരിക്കാൻ കഴിയുന്ന ഒരു മഹാത്ഭുതം . തിരക്കിട്ട ജീവിതത്തിൽ അല്പമെംകിലും മനസ്സിനെ കുളിരനിയിക്കുന്നതായിരുന്നു എന്റെ ഈ പകൽ സ്വപ്‌നങ്ങൾ . രാത്രികാല സ്വപ്നങ്ങലേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നതും ഈ പകൽ സ്വപ്നങ്ങലെയാണ് , അതാകുമ്പോൾ കുറച്ചൊക്കെ നമുക്കും നിയന്ത്രിക്കമാല്ലോ .. ;) . ഏതു നിമിഷവും എവിടെയും ഒരു പച്ച പാടവരമ്പും , നെല്പാടങ്ങളും , പുഴകളും , അരുവികളും നെയ്തു തീര്ക്കാൻ കഴിവുള്ള എന്റെ മനസ്സ് എനിക്ക് ഒരുപാടു നല്ല സ്വപ്‌നങ്ങൾ തന്നിട്ടുണ്ട് . തിരക്കേറിയ ഹൈവേ യിലൂടെ ചീറിപ്പായുന്ന കാറിലിരിക്കുമ്പോൾ ഒരു വശത്തെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കിയാൽ ബഹുനിലക്കെട്ടിടങ്ങൾക്ക് അപ്പുറത്ത് തെളിഞ്ഞു വരുന്ന നീലാകാശത്തിന്റെ മറവിൽ ഏതു നിമിഷവും എനിക്കാ പുഴയും മലനിരകളും പിന്നെ അതിലുപരി സുന്ദരിയായ അവളെയും കാണാം .... ഇടക്കൊക്കെ ഇതോരല്ഭുതമായി തോന്നിയിട്ടുണ്ടെങ്കിലും , എന്തോ... ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഇത് തന്നെയെന്നൊരു തോന്നൽ...
‪#‎ഷിൽ‬